Sunday, January 27, 2008

ഏഴരപ്പൊന്നാനയും പതക്കവും


മാര്‍ത്താണ്ഡവര്‍മ്മ മഹരാജാവിന്റെ കാലത്തിനു ശേഷം തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവാണ്‌ ഏട്ടുമാനൂരപ്പന്‌ എല്ല വര്‍ഷവും എഴുന്നള്ളിക്കാന്‍ ഏഴരപ്പൊന്നാന നടയ്ക്കു വച്ചത്‌.തിരുവനന്തപുരത്ത്‌ രാജകൊട്ടാരത്തില്‍ വിദഗ്‌ധശില്‍പ്പികളെ വരുത്തി താമസിപ്പിച്ച്‌ ദീര്‍ഘകാലം കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌ ഏഴരപ്പൊന്നാന. ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരെത്തിക്കുന്നതിന്‌ മഹാരാജാവ്‌ ഒരു പ്രത്യേക ബോട്ട്‌ ഏര്‍പ്പാടു ചെയ്തു. ആ ബോട്ടില്‍ ഏഴരപ്പൊന്നനകളേയും അതു സൂക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക ഭണ്ഡാരവും കയറ്റി ഏറ്റുമാനൂര്‍ക്കയച്ചു. ദേവസ്വം ഉദ്യോഗസ്ഥന്മാരും പോലീസുകാരും മഹാരാജാവിന്റെ ഒരു പ്രത്യേക പ്രതിനിധിയും ബോട്ടില്‍ ഏറ്റുമാനൂര്‍ക്കു യാത്രയായി.ഇന്നത്തെപ്പോലെ യന്ത്രവല്‍കൃതബോട്ടുകള്‍ ഒന്നും അന്നില്ലായിരുന്നു. ഇരുവശത്തും തണ്ടുകെട്ടി ആളുകള്‍ വലിച്ചു കൊണ്ടു പോകുന്ന ബോട്ടായിരുന്നു അന്നുണ്ടായിരുന്നത്‌. ആഘോഷപൂര്‍വ്വമാണ്‌ ബോട്ട്‌ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്‌. അന്നത്തെ യാത്രാബോട്ടുകളില്‍ സാധാരണയായി തണ്ടു വലിക്കാന്‍ നാലാളുകളില്‍ കൂടുതല്‍ ഉണ്ടാകാറില്ല. ഏഴരപ്പൊന്നനകളെ എഴുന്നള്ളിച്ചു കൊണ്ടുപോകുന്ന ബോട്ടില്‍ നാലാളുകള്‍ കൂടി പ്രത്യേകം കയറി. ബോട്ട്‌ അതിവേഗം നീങ്ങിസന്ധ്യയോടുകൂടി ഏഴരപ്പൊന്നാനകളേയും വഹിച്ചു കൊണ്ടുള്ള ബോട്ട്‌ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി. രാത്രിയില്‍ യാത്രചെയ്യരുതെന്ന് മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നു. ബോട്ട്‌ അമ്പലക്കടവിലേക്കടുപ്പിച്ചു. ഏഴരപ്പൊന്നാനകളെ സൂക്ഷിച്ചിരുന്ന ഭണ്ഡാരം അമ്പലപ്പുഴയിലെ ഭണ്ഡാര അറയില്‍ വച്ചു പൂട്ടി. അറയുടെ താക്കോല്‍ ഉദ്യോഗസ്ഥന്മാര്‍ മഹാരാജാവിന്റെ പ്രതിനിധിയെ ഏല്‍പ്പിച്ചു. ബോട്ടുവലിക്കാരും മറ്റെല്ലാവരുമന്നു രാത്രി അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഭണ്ഡാര അറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിധത്തിലും അത്‌ തുറക്കാന്‍ സാധിക്കാതെയായി. കൊല്ലന്മാര്‍ വന്ന് പല വിധത്തിലും ശ്രമിച്ചെങ്കിലും ഭണ്ഡാര അറയുടെ താക്കോല്‍ തുറക്കാന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ കഴിഞ്ഞു.ബോട്ട്‌ ഏറ്റുമാനൂരെത്തുമ്പോഴേക്കും അതിനു വേണ്ട സ്വീകരണം നല്‍കാന്‍ ഏറ്റുമാനൂരുള്ള ദേവസ്വം അധികൃതരും ഭക്തജനങ്ങളും തയ്യാറെടുക്കുകയായിരുന്നു. വളരെ നേരം കാത്തിരുന്നിട്ടും ബോട്ടു കാണാത്തതില്‍ അവര്‍ക്കെല്ലാം വിഷമമായിത്തീര്‍ന്നു. കാര്യം അറിയാന്‍ ഒരാള്‍ അമ്പലപ്പുഴ വരെ പോയി. അപ്പോള്‍ അയാള്‍ വിവരം അറിഞ്ഞ്‌ തിരിച്ചു വന്ന് എല്ലാവരെയും അറിയിച്ചു.വൈകാതെ ഈ കാര്യം മഹാരാജാവിനെ അറിയിച്ചു.ഉദ്ദേശിക്കാത്ത തടസ്സം കണ്ടപ്പോള്‍ മഹാരാജാവിനും പരിഭ്രമമായി. ഉടനേ അദ്ദേഹം കൊട്ടാരം ജ്യോത്സ്യനെ വിളിപ്പിച്ചു.ജ്യോത്സ്യര്‍ മഹാരാജാവിന്റെ നിര്‍ദ്ദേശ പ്രകാരം കവിടി നിരത്തി രാശിയുണ്ടാക്കി. ഏറെ നേരം ചിന്തിച്ച ശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ തിരുവുള്ളം എപ്രകാരം ആണെന്ന് ജ്യോത്സ്യര്‍ തമ്പുരാനെ പറഞ്ഞു മനസ്സിലാക്കി. എല്ലാ വിവരങ്ങളും അറിഞ്ഞ തമ്പുരാന്‍ കയ്യിലൊതുങ്ങുന്ന ഒരു ചെറിയ പേടകം തന്നെ കാണാന്‍ വന്നയാളുടെ കയ്യില്‍ അമ്പലപ്പുഴയിലേക്കു കൊടുത്തയച്ചു. "ഈ പേടകം ഭണ്ഡാര അറയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ അറ തനിയെ തുറക്കും. പേടകം അറയില്‍ വച്ച്‌ ഏഴരപ്പൊന്നനകളെ എടുത്തു ബോട്ടില്‍ കയറ്റൂ. അത്താഴപൂജയ്ക്കു നട തുറക്കുമ്പോള്‍ അമ്പലപ്പുഴ മേല്‍ശാന്തിയുടെ കയ്യില്‍ പേടകം ഏല്‍പ്പിക്കണം.അദ്ദേഹം അല്ലാതെ വേറെ ആരും ഇതു തുറക്കാന്‍ പാടില്ല." മഹാരാജാവു കല്‍പ്പിച്ചു. അതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. പേടകം മേല്‍ശന്തിയെ ഏല്‍പ്പിച്ചു. ഏഴരപ്പൊന്നാനകളെ വിട്ടുകിട്ടി.അത്താഴപൂജയ്ക്കു മുമ്പുള്ള ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ കഴുത്തില്‍ ഒരു പതക്കം ചാര്‍ത്തിയിരിക്കുന്നു. സാധാരണ പതുവുള്ള ദീപാലങ്കാരങ്ങളൊന്നും അന്ന് ശ്രീകോവിലില്‍ ഉണ്ടായിരുന്നില്ല. ഒരു നിലവിളക്കില്‍ തിരി താഴ്ത്തി കത്തിച്ചു വച്ചിരുന്നതേയുള്ളും വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്ന പതക്കത്തിന്റെ പ്രകാശമായിരുന്നു അത്‌. പതക്കത്തില്‍ അമൂല്യങ്ങളായ രത്നങ്ങള്‍ പതിച്ചിരുന്നു.ഏഴരപ്പൊന്നാനകള്‍ക്കു തുല്യമായ മൂല്യം ആ പതക്കത്തിനും ഉണ്ടായിരുന്നത്രെ.

Thursday, January 24, 2008

പാഴൂര്‍ പെരും തൃക്കോവില്‍


എറണാകുളത്തു നിന്നും പിറവത്തേക്കുള്ള ബസില്‍ കയറി പാഴൂര്‍ അമ്പലപ്പടിക്കല്‍ ഇറങ്ങിയാല്‍ പാഴൂര്‍ പെരും തൃക്കോവില്‍ കാണാം. നദീതീരത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി പെരും തൃക്കോവില്‍ സ്ഥിതി ചെയ്യുന്നു.ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും ചുറ്റമ്പലവും ബലിക്കല്‍പ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം. ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കല്‍ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു.ശ്രീകോവിലിന്റെ ഭിത്തിയില്‍ പുരാതനമായ ഏതാനും ചുവര്‍ചിത്രങ്ങളും കാണാം.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ ശതകലശമാണ്‌. പുഴയില്‍ നിന്നു വെള്ളം മുക്കി കൊണ്ടുവന്ന് നൂറ്റൊന്നുകുടം വെള്ളം ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക അതാണ്‌ ശതകലശം എന്ന് അറിയപ്പെടുന്നത്‌. ഇവിടത്തെ ഉച്ചശീവേലിക്ക്‌ മൂന്നു പ്രദക്ഷിണം ഉണ്ടായിരിക്കും.ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയില്‍ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂരു വന്നപ്പോള്‍ കിഴക്കോട്ടായത്‌ കാശിയെ അനുസ്മരിപ്പിക്കാനാണ്‌ എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേര്‍ന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. ഏതോ ശാന്തിക്കാരന്‍ പാതാളത്തില്‍ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ എന്ന വിശ്വാസത്താല്‍ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.പാഴൂര്‍ പടിപ്പുര എന്ന ജ്യോതിഷസ്ഥാപനത്തെപ്പറ്റി ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുള്ള കേരളീയരോട്‌ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ക്ഷേത്രത്തിനക്കരെയാണ്‌ പടിപ്പുര.ജ്യോതിഷാചാര്യനായിരുന്ന തലക്കളത്തൂര്‍ ഗോവിന്ദഭട്ടതിരിയുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. പടിപ്പുരയില്‍ വന്ന് പ്രശ്നം വയ്ക്കുന്നതിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും ജ്യോതിഷവിശ്വാസികള്‍ ദിവസേന വന്നുകൊണ്ടിരിക്കുന്നു.ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ നാട്ടുകാരായ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരൈതിഹ്യം നിലവിലുണ്ട്‌. ക്ഷേത്രം ഉണ്ടാക്കുന്നതിനു മുമ്പും പടിപ്പുര ഉണ്ടായിരുന്നു.കുടുംബപ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പടിപ്പുരയ്ക്കല്‍ വന്നു. പകല്‍ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയില്‍ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുര്‍ഭാവത്തിലാണ്‌ ജ്യോത്സ്യര്‍ക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണപ്രകാരം ജ്യോത്സ്യര്‍ക്കു ബോധ്യം വന്നു. ഇന്നു സമയമില്ല, നാളെ വരൂ പ്രശ്നം വയ്ക്കാം എനു പറഞ്ഞു ജ്യോത്സ്യര്‍ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു.നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളില്‍ നിന്നു അല്‍പം അകലെ കരയോടടുത്തു മണല്‍പ്പരപ്പില്‍ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയില്‍ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞു. രാത്രിയില്‍ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തില്‍ കഴിഞ്ഞു കൂടി.തച്ചുശാസ്ത്രം അരിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി.ശിവക്ഷേത്രം പണിയാനുള്ള മാര്‍ഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്ത.പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാന്‍ ഇടയായതില്‍ ജ്യോത്സ്യര്‍ക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാന്‍ എന്താണു കാരണം?പ്രശ്നകര്‍മ്മങ്ങള്‍ക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകര്‍മ്മം എന്താണെന്ന് ജ്യോത്സ്യര്‍ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിര്‍മ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യര്‍ക്കു സമാധാനമായി. ഭഗവാന്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യര്‍ നമ്പൂതിരിയെ യാത്രയാക്കി.ഒരു ഇടപ്രഭുവിന്റെ വധശിക്ഷയില്‍ നിന്നു ഒരു ഹരിജന്‍ യുവാവിനെ രക്ഷിക്കാന്‍ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു.ക്ഷേത്രനിര്‍മ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂര്‍ ദേശത്ത്‌ എത്തിയപ്പോള്‍ താന്‍ രക്ഷിച്ച ഹരിജന്‍ യുവാവില്‍ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാന്‍ ഇടയായി.അയാള്‍ മണ്ണു കിളച്ചപ്പോള്‍ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ ക്ഷേത്രം ഉണ്ടായതെന്നു ഊഹിക്കാം."രക്ഷേല്‍ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ\അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിര്‍മ്മാണം.പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു മനോഹരക്ഷേത്രമാണ്‌ പാഴൂര്‍ പെരും തൃക്കോവില്‍. ഇപ്പോള്‍ അതിന്റെ ഭരണം കേരള ഊരാണ്മ ദേവസ്വം ബോര്‍ഡില്‍ നിന്നും നടത്തി വരുന്നു.ശിവരാത്രിയോടനുബന്ധിച്ചാണ്‌ ഉത്സവം. ക്ഷേത്രത്തില്‍ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണല്‍പ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങള്‍ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ശിവനും പാര്‍വ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവര്‍ക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാര്‍വ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.200 വര്‍ഷത്തെ പഴക്കമുള്ളതാണു പെരും തൃക്കോവില്‍ എന്നു തോന്നുന്നു. ക്ഷേത്രം കാണുമ്പോള്‍ സന്ദര്‍ശകര്‍ക്കും അങ്ങിനെയൊക്കെ തോന്നാനിടയുണ്ട്‌. ക്ഷേത്രനിര്‍മ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ക്ഷേത്രം നിര്‍മ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോള്‍ കാലം നിര്‍ണ്ണയിക്കാന്‍ കലിദിനം ഉപകരിക്കും.

Monday, January 21, 2008

രാമമംഗലം ക്ഷേത്രത്തിലെ ഉണ്ണിഭൂതം


എറണാകുളം ജില്ലയില്‍ പിറവത്തിനും മൂവാറ്റുപുഴക്കും ഇടയ്ക്ക്‌ രാമമംഗലം എന്ന സ്ഥലത്ത്‌ ഒരു വിഷ്ണുക്ഷേത്രം ഉണ്ട്‌. സാധാരണ പോലെ ആ ക്ഷേത്രത്തിലും ഉപദേവപ്രതിഷ്ട ഉണ്ട്‌.രാമമംഗലം ക്ഷേത്രത്തിലെ ഉപദേവന്‍ ഓവുതാങ്ങിയായ ഒരു ഭൂതത്താന്‍ ആണ്‌. ഭൂതത്താനെ ഉണ്ണിഭൂതം എന്നും ഓവിങ്കല്‍ ഭൂതം എന്നും ഭക്തജനങ്ങള്‍ പറഞ്ഞു വരുന്നു. പ്രധാന ദേവനായ വിഷ്ണുവിനെക്കാള്‍ കൂടുതല്‍ വഴിപാടുകള്‍ വരുന്നത്‌ ഈ ഉണ്ണിഭൂതത്തിനാണ്‌.ഓവിങ്കല്‍ ഭൂതത്തിനു വഴിപാടായി മഞ്ചാടിക്കുരുവും കുന്നിക്കുരുവും കൊട്ടയില്‍ നിറച്ച്‌ ഭൂതത്തിന്റെ തലയില്‍ ചൊരിയുകയും നാളികേരം എറിഞ്ഞ്‌ ഉടയ്ക്കുകയും ആണ്‌ ചെയ്യുന്നത്‌.ഓവിങ്കല്‍ ഭൂതത്തിനു ഇത്രയും പ്രധാന്യം വരുവാന്‍ ഉണ്ടായ കാരണം ഇവിടെ വിവരിക്കാം.പണ്ട്‌ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ നേതൃത്വത്തിലാണ്‌ ക്ഷേത്രം പണിയും പ്രതിഷ്ഠയുമെല്ലാം നടന്നിരുന്നത്‌. ക്ഷേത്രം പണി പൂര്‍ത്തിയായി പ്രതിഷ്ഠയോടനുബന്ധിച്ചുള്ള കലശാഘോഷങ്ങളും എല്ലാം കഴിഞ്ഞു. ഇനി പ്രതിഷ്ഠയ്ക്ക്‌ ഒരു ശക്തിപൂജ നടത്തണമെന്ന് പെരുമാളും ഊരാളന്മാരും കൂടി തീരുമാനം എടുത്തു.ശുഭമുഹൂര്‍ത്തമുള്ള ഉരു ദിവസം രാവിലെ മുതല്‍ ഉച്ച വരെ ഒമ്പതു പേര്‍ ബിംബത്തിനു ചുറ്റും കൂടിയിരുന്ന് വേണം ശക്തിപൂജ നടത്താനെന്നാണ്‌ താന്ത്രികമായ നിയമം. ഊരാളന്മാരില്‍ എട്ടു പേരും ചേരമാന്‍ പെരുമാള്‍ ഒരാളും അതിനു തയാറായി. എന്നാല്‍ ഊരാളന്മാരില്‍ അല്‍പം അഭിപ്രായവ്യത്യാസം ഉണ്ടായി. "നമ്മള്‍ എല്ലാവരും നമ്പൂതിരിമാരാണ്‌. ഉത്തമന്മാരാണ്‌. വേദാധികാരവും നമുക്കു പൂര്‍ണ്ണമാണ്‌. നമ്മളോടൊപ്പം ഇരുന്നു ദേവനെ പൂജിക്കാന്‍ പെരുമാള്‍ക്ക്‌ അധികാരമില്ല എന്നാണ്‌ എന്റെ അഭിപ്രായം." ഊരാളന്മാരില്‍ തലവനായ നമ്പൂതിരി പറഞ്ഞു. നേതാവിന്റെ അഭിപ്രായം കേട്ടു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ "ഇക്കാര്യം നമുക്കു മറച്ചു വെക്കേണ്ടതില്ല. പെരുമാളിനോടു നേരിട്ടു തന്നെ പറയാം. അതാണ്‌ ഭംഗി" എന്ന് അഭിപ്രായപ്പെട്ടു. നേതാവോഴികെ മറ്റ്‌ എല്ലാവരും ചേര്‍ന്ന് നേതാവു പറഞ്ഞ കാര്യം പെരുമാളിനെ ധരിപ്പിച്ചു. ബുദ്ധിമാനും വിശാലഹൃദയനും ആയ പെരുമാള്‍ പിടിവാശിയൊന്നും കൂടാതെ നമ്പൂതിരിമാരുടെ അഭിപ്രായം സ്വീകരിച്ചു. "നിങ്ങളുടെ ഒപ്പം ഇരുന്നു ഞാന്‍ ജപിക്കുന്നില്ലെന്നും പറഞ്ഞു. നിങ്ങള്‍ എട്ടു പേരും ശ്രീകോവിലില്‍ ഇരുന്നു ദേവനെ തൊട്ടിരുന്നു ശക്തിമന്ത്രം ജപിച്ചു കൊള്ളൂ. ദേവന്റെ പാദത്തിന്മേല്‍ ബന്ധിച്ച്‌ ഒരു നീളമുള്ള ദര്‍ഭപ്പുല്ല് എനിക്കു വേണ്ടി ഓവുദ്വാരത്തിലൂടെ പുറത്തീക്കിട്ടു തരാന്‍ അനുവാദമുണ്ടായാല്‍ മതി. ഞാന്‍ പുറത്തിരുന്നു ആ പുല്ലിന്മേല്‍ തൊട്ട്‌ ശക്തിമന്ത്രം ജപിച്ചുകൊള്ളാം". പെരുമാള്‍ പറഞ്ഞ വിവരം ഏഴുപേരും കൂടി നേതാവിനെ അറിയിച്ചു. പെരുമാള്‍ പറഞ്ഞത്‌ അനുസരിക്കണമെന്നും അവര്‍ നിര്‍ബന്ധിച്ചു. കുറച്ചൊന്ന് ആലോചിച്ച ശേഷം നേതാവു നമ്പൂതിരിയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വഴങ്ങി.നല്ല മുഹൂര്‍ത്തമുള്ള ഒരു ദിവസം ശക്തിപൂജ രാവിലെ തന്നെ തുടങ്ങി. മദ്ധ്യാഹ്നം കഴിഞ്ഞപ്പോഴേക്കും അത്‌ അവസാനിച്ചു. നേതാവു നമ്പൂതിരി ജലപിശാചു ബധിച്ച ഒരാളായിരുന്നു. ശക്തിപൂജ തുടങ്ങിയപ്പോള്‍ ഓവിലേക്ക്‌ പെരുമാള്‍ക്ക്‌ തൊട്ടു ജപിക്കാനിട്ടിരുന്ന ദര്‍ഭ പുല്ലിന്റെ അറ്റം ബിംബത്തോട്‌ ബന്ധിപ്പിക്കാതെ അയാള്‍ പീഠത്തിനു താഴെ ഇട്ടിരുന്നു. ഇതൊരു വഞ്ചനയാണെന്നു മറ്റുള്ളവര്‍ക്കു തോന്നി. ഈ പിശാചിനോടു എന്തു പറയാനാണ്‌ എന്നു കരുതി ആരുമൊന്നും മിണ്ടിയില്ല. ശ്ക്തിപൂജ കഴിഞ്ഞ്‌ എല്ലാവരും എഴുന്നേറ്റപ്പോള്‍ ഓവുങ്കലിരുന്നു ജപിച്ച പെരുമാളും എഴുന്നേറ്റു. പക്ഷേ പെരുമാള്‍ ഒന്നു പരീക്ഷിക്കാതിരുന്നില്ല. പുല്ല്‌ ബിംബത്തിന്മേല്‍ ബന്ധിച്ചിട്ടുണ്ടോ എന്നറിയാന്‍ അതൊന്നു സാവധാനം പുറത്തേക്കു വലിച്ചു നോക്കി. പെരുമാളുടെ ജപം കൊണ്ട്‌ ശക്തി പ്രാപിച്ച ദര്‍ഭ പുറത്തേക്കു തന്നെ പോന്നു. ഉടനെ അവിടെ കൂടിയിരുന്ന നമ്പൂതിരിമാരോടും പ്രത്യേകിച്ചു നേതാവിനോടും ഭക്തജനങ്ങളോടും ആയി പറഞ്ഞു: "ഇവിടുത്തെ ദേവന്‌ ഒരു ശക്തിയും ഉണ്ടായിരിക്കില്ല. എല്ലാ ദൈവിക ചൈതന്യവും ഓവു താങ്ങിക്കൊണ്ടിരിക്കുന്ന ഭൂതത്തിനായിരിക്കും". ചേരമാന്‍ പെരുമാള്‍ ഓവിങ്കല്‍ ഭൂതത്തിനെ മാത്രം തൊഴുത ശേഷം രാമമംഗലത്തു നിന്ന് യാത്ര തിരിച്ചു